Friday, 6 April 2012

my first post pls read this....

                                                                                         സുഹൃത്തേ ഒരു നിമിഷം ഒന്നു വായിക്കു....!! 
ഇങ്ങനെയെത്രയെത്ര പേര്‍......!!!.............................................

പട്ടിണിയും പ്രയാസമങ്ങളും കൊണ്ട്‌ മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട്‌ കിനാവ്‌ കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക്‌ മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക്‌ വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട്‌ ചെന്നിട്ടുണ്ടോ....? നാമീ ജീവിക്കുന്ന രസമുള്ള കാഴ്‌ചകള്‍ക്കപ്പുറത്ത്‌ ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട്‌ ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന്‌ നാം ഓര്‍ക്കാതെ പോയോ?


പുത്തന്‍കാറിന്‌ ഫാന്‍സി നമ്പര്‍ തന്നെ കിട്ടാന്‍ ലേലത്തില്‍ ലക്ഷങ്ങള്‍ വലിച്ചെറിയുന്നവര്‍, ഒരൊറ്റ രാത്രികൊണ്ട്‌ 32 കോടിയുടെ മദ്യം കുടിച്ചുല്ലസിച്ചവര്‍, ക്രിക്കറ്റിന്റെ പേരില്‍ കോടികള്‍ തുലച്ചുകളയുന്നവര്‍, ഒരു നേരത്തെ ഭക്ഷണത്തിന്‌ ആയിരങ്ങള്‍ ചെലവഴിക്കുന്നവര്‍, പൊങ്ങച്ചത്തിന്റെ വീട്‌ പണിയുന്നവര്‍... ഇവര്‍ക്കിടയില്‍ ഇങ്ങനെ ചിലയാളുകളെ തീര്‍ച്ചയായും നാം മറന്നുപോകുന്നുണ്ടോ?! ലക്ഷക്കണക്കിന്‌ രൂപ പൊടിക്കുന്ന കല്യാണം നടത്തുന്നവര്‍, ആര്‍ഭാടങ്ങള്‍ കൊണ്ട്‌ പുര നിറയ്‌ക്കുന്നവര്‍, ധൂര്‍ത്തുകൊണ്ട്‌ ജീവിക്കുന്നവര്‍, ഇവര്‍ക്കിടയില്‍ തന്നെയല്ലേ നാം അന്വേഷിച്ച്‌ പോകേണ്ടവരും കഴിയുന്നത്‌?

ഭര്‍ത്താവിന്റെ മരണത്തില്‍ ജീവിതം വറ്റിവരണ്ട എത്രയോ സഹോദരിമാര്‍, ചുറ്റുമുള്ള ജീവിതം കണ്ട്‌ കൊതിയൂറുന്ന മക്കളുടെ കണ്ണുപൊത്തുന്ന മാതാപിതാക്കള്‍ , രോഗങ്ങള്‍ കൂടി വിരുന്നെത്തുമ്പോള്‍ ആശ്രയങ്ങളില്ലാതെ കരയുന്നവര്‍, നെഞ്ചിലാളുന്ന തീയണയ്‌ക്കാന്‍ കണ്ണീരു മാത്രം കരുതിവെക്കുന്നവര്‍, ചോര്‍ന്നൊലിക്കുന്ന വീടും ചോരാതെ പെയ്യുന്ന കണ്ണീരും കൊണ്ട്‌ വലയുന്നവര്‍... എങ്ങനെ ചിന്തിച്ചാലും ഉത്തരമില്ലാത്ത കുറേ മനുഷ്യര്‍. സുഹൃത്തേ, ഇവര്‍ നമ്മുടെ വളരെ അടുത്തില്ലേ? കാണാതിരിക്കാന്‍ ശ്രമിച്ചത്‌ നമ്മള്‍ തന്നെയായിരുന്നില്ലേ? നമ്മളുപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അവര്‍ക്കത്‌ വലിയ സന്തോഷമായിരിക്കും. നാം വെറുതെ കളഞ്ഞ ഭക്ഷണത്തിന്റെ പണംകൊണ്ട്‌ അവര്‍ എത്രയോ ദിവസം ജീവിക്കും. ഉപയോഗിക്കാതെ വെറുതെയാക്കിയ നമ്മുടെ മരുന്നുകള്‍ കണ്ടിരുന്നെങ്കില്‍ അവര്‍ അത്ഭുതപ്പെട്ടിരിക്കും. വേണ്ടാത്തതെല്ലാം വേണ്ടുവോളം ചെയ്യുന്ന നമ്മളെയും അത്യാവശ്യങ്ങള്‍ പോലും സഫലമാക്കാനാവാത്ത നമുക്കിടയിലെ ഈ പാവങ്ങളെയും പറ്റി നമ്മള്‍ ആലോചിക്കാറുണ്ടോ?

സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമാണ്‌ വിധവകള്‍. ആര്‍ക്കു മുന്നിലും കൈ നീട്ടാന്‍ കഴിയാതെ, വലിയ ജീവിതഭാരങ്ങള്‍ താങ്ങുവാന്‍ കെല്‍പില്ലാതെ കഴിയുന്നവര്‍. ഒരുമിച്ചുള്ള യാത്രയില്‍ ഒരുവേള കൂടെയുള്ളയാള്‍ വേര്‍പെടുന്നതോടെ, ഒറ്റപ്പെടലിന്റെ തീരാത്ത സങ്കടവും ബാധ്യതകളുടെ വലിയ ഭാരവും ഒറ്റയ്‌ക്ക്‌ താങ്ങേണ്ടി വരുന്നവര്‍. നമ്മുടെയൊക്കെ കുടുംബത്തിലുള്ള വിധവകളെയെങ്കിലും നാം പരിഗണിക്കാറുണ്ടോ? അനാഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കറിയാം. പക്ഷേ, ഒരു അനാഥയെ നാം തലോടിയിട്ടുണ്ടോ?

ലക്ഷങ്ങള്‍ മുടക്കിയുള്ള നിരന്തര സമ്മേളനങ്ങള്‍, വര്‍ണശബളമായ പോസ്റ്ററുകള്‍, സ്വര്‍ണനിറമുള്ള ബാഡ്‌ജുകള്‍... അത്യാവശ്യമൊട്ടുമില്ലാതെ വെറുതെ കളയുന്ന പണം കൊണ്ട്‌ എത്രയെത്ര മനുഷ്യരുടെ ഹൃദയനൊമ്പരങ്ങള്‍ക്കൊരു കൈത്താങ്ങ്‌ നല്‍കാമെന്ന്‌ നാം ചിന്തിച്ചേ തീരൂ........!

No comments:

Post a Comment